ക്ഷേത്രത്തിൽ നടന്നിട്ടുള്ള അഷ്ട്മഗലപ്രശ്ന വിധി അനുസരിച്ച് എകദേശം 800 വർഷത്തിന്റെ പഴക്കം കണക്കാക്കിയിട്ടുള്ള ഈ ക്ഷേത്രത്തെ സംബന്ധിച്ച് ലിഘിതമായ രേഖകളൊന്നും നിലവിലില്ല. എങ്കിലും പഴമക്കാരിൽ നിന്നും വായ്മൊഴിയായ് പകർന്നുകിട്ടിയിട്ടുള്ള എകദേശ വിവരങ്ങളാണ് ഇതിൽ ചേർത്തിട്ടുള്ളത്. അരുവായിൽ നിന്ന് 1.5 കിലോമീറ്റർ വടക്കുമാറി നിലകൊള്ളുന്ന ഐനൂർകുന്ന് എന്ന സ്ഥലം വളരെ മുൻപ് കച്ചവട കേന്ദ്രമായിരുന്നു. പരദേശി ബ്രാഹ്മണരായ അയ്യർമാരായിരുന്നു അവിടുത്തെ കച്ചവടക്കാർ ഇടയ്ക്ക് വെച്ച് അവരുടെ കച്ചവടത്തിന് മാന്ദ്യം സംഭവിച്ചതിനാൽ കുറെ ബ്രാഹ്മണർ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി. ബാക്കിയുള്ളവരിൽ ഒരാൾ ഗുരുവായൂർ ദർശനത്തിനു വേണ്ടി ഓലക്കുട ചൂടി പുറപെട്ടു. അദേഹം വലിയൊരു ദേവി ഭക്തനായിരുന്നു. ഇന്ന് ക്ഷേത്രംനിൽകുന്ന സ്ഥലം വനത്തിന് സമാനമായിരുന്നു. അരുവായി പാടത്തിനോടനുബന്ധിച്ചു രണ്ടു ചിറ ഇടതും വലതുമായി ഉണ്ടായിരുന്നു. ഈ ചിറയുടെ മദ്ധ്യത്തിലെ വരമ്പിലൂടെയായിരുന്നു അയ്യരുടെ യാത്ര. ഈ ചിറയിൽ കുളിച്ച് സന്ധ്യാവന്ദനവും മറ്റും നടത്താൻ തീരുമാനിച്ച അയ്യർ ഓലക്കുട ചിറയുടെ വരമ്പത്ത് വയ്ക്കുകയും തന്റെ എല്ലാ ക്രിയകളും കഴിഞ്ഞതിനുശേഷം പോകുന്ന സമയത്ത് ഓലകുട എടുക്കാൻ ശ്രമിച്ചപ്പോൾ അത് കിട്ടാതെയാവുകയും ആ ചിറയുടെ വരമ്പത്ത് ഉറച്ചുപോയതായി കാണപെടുകയുണ്ടായി എത്ര ശ്രമിച്ചിട്ടും ഓലകുട എടുക്കാനാകാതെ അയ്യർ ഗുരുവായൂരിലേക്ക് യാത്രയായി. ഗുരുവായൂരിൽ നിന്ന് മടങ്ങിവരുമ്പോഴും കുട എടുക്കാൻ അയ്യർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിവരമറിഞ്ഞെത്തിയ മറ്റു അയ്യർമാരെല്ലാം കൂടി ദേവപ്രശ്നം കഴിപ്പിച്ചു.
പ്രശ്നവിധി പ്രകാരം കുട ചിറയുടെ വരമ്പത്തുവെച്ച അയ്യർ ഒരു തികഞ്ഞ ദേവി ഭക്തനാണെന്നും, അദ്ദേഹം ഗുരുവായുർക്ക് യാത്ര പുറപെട്ടപ്പോൾ കുടയിൽ ദേവി എഴുന്നെള്ളിയെന്നും കണ്ടു. ചിറ സ്ഥിതി ചെയ്യുന്ന സ്ഥലം ദേവി ചൈതന്യമുള്ള സ്ഥലമാണെന്നും കുടയിലുള്ള ദേവിക്ക് ആ സ്ഥലത്ത് ഇരുന്നാൽ കൊള്ളാമെന്ന ഉദ്ദേശ്യത്തിലാണ് കുട ചിറവരമ്പത്ത് ഉറച്ചത് എന്നും പറയുന്നു. ആ കുട ഇരുന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തണമെന്നും പൂജാരി കർമങ്ങൾ ചെയ്യണമെന്നും എല്ലാം ദേവപ്രശ്നത്തിൽ തെളിഞ്ഞതിനെ തുടർന്ന് അവിടെ ക്ഷേത്രം പണിത് ദേവി വിഗ്രഹം പ്രതിഷ്ഠിച്ചു. ഇതാണ് ചിറവരമ്പത്തുകാവ് ക്ഷേത്രം എന്ന പേരു വരുവാൻ കാരണമെന്നാണ് ഐതീഹ്യം.
പിന്നീട് അയ്യർമാർ ക്ഷേത്ര ചുമതല ദേശത്തെ നാല് തറവാട്ടുകാരെ ഏല്പിച്ച് സ്വദേശത്തേക്ക് മടങ്ങി എന്നാണ് വിശ്വാസം. നാലു തറവാട്ടിൽ ഒരു തറവാടാണ് മാത്രമാണ് ഇപ്പോൾ ഉള്ളത് പയ്യഴി തറവാട്ടുക്കാർക്കാണ് ഇപ്പോഴത്തെ ഊരാളസ്ഥാനം. ക്ഷേത്രത്തിൽ പിന്നീട് ദേവപ്രശ്നം നടത്തി നവീകരണ കലശത്തോടെ ഇന്ന് കാണുന്ന ശ്രീകോവിലിൽ ദേവിയെ മീനമാസത്തിലെ മകീര്യം നക്ഷത്രത്തിൽ പുനപ്രതിഷ്ഠിച്ചു. പുനപ്രതിഷ്ഠദിനത്തിൽ നടത്തുന്ന പ്രസാദ ഊട്ടിൽ പങ്കു കൊള്ളുവാൻ ആയിരകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിചേരുന്നു. ഉപദേവൻമാരായ ഗണപതി, ശ്രീ ധർമ്മശാസ്താവ്, ശ്രീ ഹനുമാൻ സ്വാമി, രക്ഷസ്സ്, കാരുകുളം അയ്യപ്പൻ, കരിനീലി എന്നിവർ അനുഗ്രഹം ചൊരിഞ്ഞു നിലകൊള്ളുന്നു.